Team RFT

തിയറ്ററുകളില്‍ ആഘോഷമായി മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം മോണ്‍സ്റ്റര്‍. റിലീസായി രണ്ടാം ദിനവും ഹൗസ്ഫുള്‍ ഷോകളുമായാണ് മോണ്‍സ്റ്റര്‍ തേരോട്ടം തുടരുന്നത്. ഒടിടി ചിത്രമായി ഒരുങ്ങി പിന്നീട് തിയറ്റുകളിലേക്കെത്തിയ സിനിമയെ പ്രേക്ഷകരും ആരാധകരും ഇരുകയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതുവരെ മലയാളത്തില്‍ അവതരിപ്പിക്കാത്ത വിധത്തിലുള്ളൊരു കഥയെ ഏറെ മികച്ച രീതിയില്‍ സംവിധായകന്‍ ഒരുക്കിയിട്ടുണ്ടെന്ന് കണ്ടിറങ്ങുന്നവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. സര്‍ദാര്‍ ലുക്കിലുള്ള മോഹന്‍ലാല്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടികഴിഞ്ഞു. ഇരിപ്പും നടപ്പും കുസൃതി ചിരികളും രസികന്‍ വര്‍ത്തമാനങ്ങളും ചില ദുരൂഹമായ നോട്ടങ്ങളുമായി കേരളക്കര മുഴുവന്‍ ലക്കി സിങ് തരംഗമാണ്.

ഈ കാലഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയത്തെ ഏറെ ത്രില്ലിംഗായി ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത വിധത്തില്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഡെയറിംങ് സബ്ജക്ട് ആണ്. ‘ഭയങ്കര സസ്‌പെന്‍സായിരുന്നു. അടുത്തത് എന്താണെന്ന് ചിന്തിക്കാന്‍പോലും പറ്റാത്ത രീതിയിലാണ് സിനിമ മുന്നോട്ട് പോകുന്നത്. ചിത്രത്തിലെ അവസാനത്തെ 20 മിനിറ്റ് തീപാറുന്ന പ്രകടനമാണ് മോഹന്‍ലാലും എതിരിടാനെത്തുന്ന വില്ലന്‍ കഥാപാത്രവും നടത്തിയിരിക്കുന്നത്, ‘മേക്കിംങ് അടിപൊളിയാണ്. ഒരു സോഷ്യല്‍ റെലവന്റായിട്ടുള്ള പോയിന്റ് എങ്ങനെ ഒരു ആക്ഷന്‍ പടത്തിലൂടെ കൊണ്ടുവരാമെന്നുള്ളത് വൈശാഖ് നമുക്ക് കാണിച്ച് തന്നിട്ടുണ്ട്, ‘ഫൈറ്റ് സീനെല്ലാം ഒരു രക്ഷയുമില്ല. ത്രില്ലിങ് മൊമെന്റാണ് ഫൈറ്റ് സീനുകളിലൂടെ അനുഭവിച്ചറിഞ്ഞത്.’ എന്നെല്ലാമാണ് പ്രേക്ഷകര്‍ പറയുന്നത്.

മോഹന്‍ലാല്‍-വൈശാഖ്-ഉദയകൃഷ്ണ ടീം ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി ഒന്നിച്ചപ്പോള്‍ മലയാളത്തിന് ലഭിച്ചത് ആദ്യത്തെ 100 കോടി ചിത്രമാണ്. പഞ്ചാബി പശ്ചാത്തലത്തില്‍ വൈശാഖ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് മോണ്‍സ്റ്റര്‍. മോഹന്‍ലാല്‍ ആദ്യമായാണ് മുഴുനീള പഞ്ചാബി ലുക്കില്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നത്. നേരത്തെ ഉണ്ണി മുകുന്ദന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ചിത്രത്തില്‍ സ്റ്റണ്ട് സില്‍വയാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.

FAMILY AUDIENCE FOR MONSTER IN CINEMAS UK & EUROPE

Related News

Write a comment

Your email address will not be published.